Pages

Thursday, 24 November 2011

ഗോവയില്‍ മലയാളി ഫെസ്റ്റിവല്‍ അരങ്ങുണര്‍ന്നു

 സന്തോഷ് ശിവന്റെ 'ഉറുമി'ക്ക് തിരികൊളുത്തിയതോടെ 42-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാളി ഫെസ്റ്റിവലും അരങ്ങുണര്‍ന്നു. മാധുരി ദീക്ഷിതും ജാക്കിഷ്‌റോഫും താരസാന്നിധ്യമായ ഇന്ത്യന്‍ പനോരമ ഉദ്ഘാടനച്ചടങ്ങില്‍ 'ഉറുമി'യുടെ സംവിധായകന്‍ സന്തോഷ്ശിവനും രചയിതാവ് ശങ്കര്‍ രാമകൃഷ്ണനും വേദിയില്‍ ആദരിക്കപ്പെട്ടു. ഫിയാഫ് ഫസ്റ്റ് വൈസ് പ്രസിഡന്‍റ് പി.വി.ഗംഗാധരന്‍, സംവിധായകന്‍ ഷാജി എന്‍.കരുണ്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശങ്കര്‍മോഹന്‍ തുടങ്ങിയവര്‍ സിനിമയ്‌ക്കെത്തിയിരുന്നു.

ഫെസ്റ്റിവല്‍ ശീര്‍ഷകചിത്രം തയ്യാറാക്കിയത് ഷാജി എന്‍.കരുണ്‍ ആണ്. ദീപു കൈതപ്രത്തിന്‍േറതാണ് സംഗീതം. ഇത്തവണ ത്രീഡിയിലും ചിത്രം തയ്യാറാക്കിയിട്ടുണ്ട്. ലോക മത്സരവിഭാഗം ജൂറി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇഫി ജൂറിയിലേക്ക് തിരിച്ചുവരുന്നത്. ദിശാബോധം നഷ്ടപ്പെട്ട നിലയില്‍നിന്നും ഫെസ്റ്റിവലില്‍ ചലച്ചിത്ര പ്രവര്‍ത്തകന്‍ കൂടിയായ ഒരു മേധാവി വന്നത് ശുഭപ്രതീക്ഷ നല്‍കുന്നുണ്ടെന്ന് അടൂര്‍ പറഞ്ഞു.

ഡോ. ബിജു തന്റെ ഏറ്റവും പുതിയ ചിത്രമായ 'ആകാശത്തിന്റെ നിറ'വുമായി ഫിലിം മാര്‍ക്കറ്റിലെത്തിയിട്ടുണ്ട്. വ്യാഴാഴ്ച ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം വിദേശ പ്രതിനിധികള്‍ക്കായി നടന്നു. സംവിധായകന്‍ കെ.പി.കുമാരന്‍, നടന്മാരായ രവീന്ദ്രന്‍, കെ.ബി. വേണു, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ പ്രതിനിധി അഡ്വ. എം.രാജന്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി മുദ്രശശി, ഹ്രസ്വചിത്ര സംവിധായിക ഡോ. ജെ.ഗീത, സംവിധായകരായ എം.ആര്‍.രാജന്‍, കെ.ആര്‍.മനോജ് എന്നിവരും ഫെസ്റ്റിവലിലെത്തിയിട്ടുണ്ട്.

സലിം അഹമ്മദിന്റെ 'ആദാമിന്റെ മകന്‍ അബു'വാണ് മലയാളത്തെ പ്രതിനിധീകരിച്ച് ലോകസിനിമാ മത്സരവിഭാഗത്തിലുള്ളത്. മത്സരവിഭാഗത്തിലെ ചിത്രങ്ങള്‍ പരിഗണനയ്‌ക്കെടുക്കുമ്പോള്‍ ഭാഷാ പരിഗണന ഒരു മാനദണ്ഡമായെടുക്കുകയെന്നത് ഒരു ജൂറിയും ചെയ്യുന്ന കാര്യമല്ലെന്നും അടൂര്‍ പറഞ്ഞു. മികച്ച സിനിമ മാത്രമാണ് മാനദണ്ഡം.

മാധവ് രാംദാസിന്റെ 'മേല്‍വിലാസം', ബാബു ജനാര്‍ദനന്റെ 'ബോംബെ മാര്‍ച്ച് 13', രാജേഷ് പിള്ളയുടെ 'ട്രാഫിക്', സമീര്‍താഹിരിന്റെ 'ചാപ്പ കുരിശ്', വി.കെ. പ്രകാശിന്റെ 'കര്‍മയോഗി' എന്നിവയാണ് മറ്റു മലയാള ചിത്രങ്ങള്‍. ഹ്രസ്വചിത്രവിഭാഗത്തില്‍ പരിസ്ഥിതി വിഭാഗം ജൂറി ചെയര്‍മാന്‍ സംവിധായകന്‍ ശിവനാണ്. ഗോവയിലെത്തിയ ശിവന്‍ മത്സരചിത്രങ്ങള്‍ കണ്ടുമടങ്ങി.

No comments:

Post a Comment